Description
ഇന്റർനെറ്റ് ലോകത്ത് തരംഗമായിരിക്കുകയാണ് ഗൂഗിൾ ജെമിനിയുടെ ‘ബനാന എഐ സാരി ട്രെൻഡ്’. എല്ലാവരും ട്രെൻഡിനൊത്ത് ചിത്രങ്ങൾ നിർമിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ആഘോഷിക്കുകയാണ്. എന്നാൽ സാരി ട്രെൻഡ് അത്ര സുഖമുള്ള അനുഭവമല്ല തനിക്ക് നൽകിയതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. എഐ ടൂൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ഗൂഗിൾ ജെമിനിയിൽ ഒരു ചിത്രവും പ്രോംപ്റ്റും നൽകിയാൽ പഴയകാലത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്ത മോഡലുകളിലുള്ള സാരികളണിഞ്ഞുള്ള ചിത്രങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന ട്രെൻഡാണ് ‘ബനാന എഐ സാരി ട്രെൻഡ്’. ഏറെ പ്രതീക്ഷയോടെ ട്രെൻഡിന്റെ ഭാഗമാവാൻ ജെമിനി നാനോയിൽ ചിത്രവും പ്രോംപ്റ്റും നൽകിയപ്പോൾ ലഭിച്ച ചിത്രം കണ്ട് അമ്പരന്നുവെന്നാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ യുവതി പറഞ്ഞത്. സാരിയുടുത്ത ചിത്രം ജെമിനി നാനോയിൽ പരീക്ഷിച്ചപ്പോൾ കയ്യിന്റെ ഒരു ഭാഗത്ത് മറുകുള്ള ചിത്രമാണ് ഇവർക്ക് ലഭിച്ചത്. ആ മറുക് മറച്ച ചിത്രമായിരുന്നു അപ് ലോഡ് ചെയ്തത്. തന്റെ ശരീരത്തിൽ ഒരു മറുകുള്ള വിവരം ജെമിനി നാനോ എങ്ങനെ അറിഞ്ഞെന്നാണ് യുവതി ചോദിക്കുന്നത്.
“എൻ്റെ ശരീരത്തിലെ ഈ ഭാഗത്ത് മറുകുണ്ടെന്ന് ജെമിനിക്ക് എങ്ങനെ അറിയാം? നിങ്ങൾക്ക് ഈ മറുക് കാണാം… ഇത് വളരെ ഭയാനകമാണ്… ഇതെങ്ങനെ സംഭവിച്ചുവെന്ന് എനിക്കിപ്പോഴും ഉറപ്പില്ല. ഈ വിവരം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിച്ചു. ദയവായി സുരക്ഷിതരായിരിക്കുക… സോഷ്യൽ മീഡിയയിലോ എഐ പ്ലാറ്റ്ഫോമുകളിലോ നിങ്ങൾ അപ്ലോഡ് ചെയ്യുന്നതെന്തും ശ്രദ്ധിക്കുക,” അവർ കൂട്ടിച്ചേർത്തു.
പോസ്റ്റ് ചെയ്തതിനുപിന്നാലെ വലിയരീതിയിലുള്ള പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചത്. ഏഴ് മില്യണോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. സമാനരീതിയിലുള്ള അനുഭവങ്ങൾ മറ്റുള്ളവരും പങ്കുവെച്ചു. “എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ജെമിനി ഗൂഗിളിന്റേതാണ്, എഐ ചിത്രം നിർമ്മിക്കാൻ അവർ നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും പരിശോധിക്കുന്നു,” ഒരു ഉപയോക്താവ് പറഞ്ഞു. “എനിക്കും ഇത് സംഭവിച്ചു. എന്റെ ഫോട്ടോകളിൽ കാണാത്ത ടാറ്റൂകൾ പോലും ചിത്രത്തിൽ കാണാമായിരുന്നു. എങ്ങനെയെന്ന് എനിക്കറിയില്ല, പക്ഷേ അത് സംഭവിക്കുന്നുണ്ടായിരുന്നു.” മറ്റൊരാൾ കൂട്ടിച്ചേർത്തു:
“കൃത്യമായും ഇങ്ങനെയാണ് എഐ പ്രവർത്തിക്കുന്നത്. നിങ്ങളുടെ ഡിജിറ്റൽ ഫുട്പ്രിന്റിൽ നിന്നും, നിങ്ങൾ ഓൺലൈനിൽ അപ്ലോഡ് ചെയ്തിട്ടുള്ള എല്ലാ ചിത്രങ്ങളിൽ നിന്നും എഐ വിവരങ്ങൾ ശേഖരിക്കുന്നു. അതിനാൽ ഒരു ചിത്രം നിർമ്മിക്കാൻ നിങ്ങൾ എഐയോട് ആവശ്യപ്പെടുമ്പോൾ, മുൻപ് നിങ്ങൾ അപ്ലോഡ് ചെയ്ത ചിത്രങ്ങളും അത് ഉപയോഗിക്കും.” ശ്രദ്ധേയമായ മറ്റൊരു പ്രതികരണം ഇങ്ങനെയായിരുന്നു.
എന്താണ് നാനോ ബനാന?
ഗൂഗിളിന്റെ ജെമിനി ആപ്പിലുള്ള ഒരു ഇമേജ്-എഡിറ്റിംഗ് എഐ ആണ് നാനോ ബനാന. ചെറിയ രൂപങ്ങളെ ഓർമ്മിപ്പിക്കുന്ന 3D എഡിറ്റുകൾ നിർമ്മിച്ചാണ് ഇത് ആദ്യം പ്രശസ്തി നേടിയത്. എന്നാൽ ഈ രീതി പെട്ടെന്നുതന്നെ മറ്റ് ഫോർമാറ്റുകളിലേക്കും വ്യാപിച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഏറെ പ്രചാരത്തിലുള്ള സാരി ഫോട്ടോ എഡിറ്റുകളാണ്.






Reviews
There are no reviews yet.