Description
ഫ്രാൻസിസ് നൊറോണ
”അതിശയ ചേർപ്പ്’ മുതൽ ‘കാതുസൂത്രം’ വരെയുള്ള ഈ സമാഹാരത്തിലെ എട്ട് കഥകളും എല്ലാ അർത്ഥത്തിലും നൊറോണക്കഥകളാണ്. നൊറോണക്കഥകൾ എന്ന് ഞാൻ പറയുന്നത് ഈ കഥകളുടെ ആഖ്യാനസ്വരൂപത്തെ മുൻനിർത്തിത്തന്നെയാണ്. ഫ്രാൻസിസ് നൊറോണ തന്റെ ഇതുവരെയുള്ള എഴുത്തിലൂടെ സൃഷ്ടിച്ചെടുത്ത ആ സാമൂഹിക പശ്ചാത്തലം പലപ്പോഴും നമ്മളെ വിക്ടർ ലീനസിന്റെ കഥകളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കും. രണ്ടുപേരും രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ വളരെ വ്യത്യസ്തമായ വഴികളിലൂടെ ആവിഷ്കരിക്കുന്ന കൊച്ചിക്കാരുടെ ജീവിതം എൻ എസ് മാധവൻ ‘ലന്തൻബത്തേരി’യിൽ കാണിച്ചുതന്ന കൊച്ചിക്കാരുടെ ജീവിതത്തിന്റെ രണ്ട് വിരുദ്ധധ്രുവങ്ങളാണ്. ഒട്ടും പോളിഷുചെയ്ത് മിനുക്കാതെ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ ആവിഷ്കരിക്കുമ്പോഴും കഥപറച്ചിലിന്റെ ഒഴുക്ക് തടസ്സപ്പെടുത്താതെ കൊണ്ടുപോകാനുള്ള കഴിവാണ് നൊറോണക്കഥകളുടെ മുഖമുദ്ര. അതോടൊപ്പം സമൂഹത്തിലെ സമകാലിക സംഭവങ്ങളോടുള്ള എഴുത്തുകാരന്റെ സർഗ്ഗാത്മകമായ പ്രതികരണങ്ങളായി ഓരോ കഥയും മാറുകയും ചെയ്യുന്നു.”
ആമുഖം: ടി.ഡി. രാമകൃഷ്ണൻ
പഠനം: ജെ. ജുബിറ്റ്