Description
ശോഭയുടെ ദുരന്തകഥ പറഞ്ഞ കെ.ജി.ജോര്‍ജ്ജിന്റെ ലേഖയുടെ മരണം ഒരു ഫ്ലഷ്ബാക്ക് മുതല്‍ നടിമാരുടെ കഥകള്‍ സിനിമയ്ക്കും സാഹിത്യത്തിനും വിഷയമായിരുന്നു. കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണെന്ന ജാമ്യമെടുപ്പോടെ വന്ന പലതിലും നാം നടിമാരുടെ ജീവിതത്തിന്റെ വളച്ചൊടിച്ച കാഴ്ചകള്‍ കണ്ടു. എന്നാല്‍ അതില്‍നിന്നൊക്കെ വ്യത്യസ്തമായ ഒരു ജീവിത പുസ്തകമായിരുന്നു ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ രചിച്ച അന്നത്തെ നായികമാര്‍. മലയാളസിനിമയിലെ ആദ്യ (ദുരന്ത) നായിക എന്ന പേരില്‍ എഴുതിയിരിക്കുന്ന പി.കെ.റോസിയെക്കുറിച്ചുള്ള കുറിപ്പു മുതല്‍ അന്നത്തെ നായികമാര്‍ ആരംഭിക്കുന്നു. മലയാളസിനിമയില്‍ ഒരുകാലത്ത് പ്രമുഖരായിരുന്ന 39 നടിമാരുടെ ജീവിതമാണ് ഇതിലൂടെ ചേലങ്ങാട്ട് വരച്ചുകാട്ടുന്നത്.
ചലച്ചിത്രങ്ങളെക്കാള്‍ ഉദ്വേഗഭരിതമായിരുന്നു പല നടിമാരുടെയും ജീവിതമെന്ന് ജീവചരിത്രക്കുറിപ്പുകള്‍ നമ്മെ ബോധ്യപ്പെടുന്നു. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും നല്ല ജീവിതം ലഭിച്ചില്ലെന്ന് ചേലങ്ങാട്ട് സാക്ഷ്യപ്പെടുത്തുന്നു. വിജയശ്രീ, ശോഭ, റാണിചന്ദ്ര, ശ്രീവിദ്യ, തുടങ്ങി ഇന്നത്തെ തലമുറയ്ക്ക് അല്പ പരിചയമുള്ളവരുടെ ദുരന്തകഥകളും ദേവകീഭായ്, ബി.എസ്.സരോജ, ശ്രീകല, ലളിത, രാഗിണി തുടങ്ങിയ മുന്‍കാല നടിമാരുടെ ജീവിതനാശവും കൃതിയില്‍ പറയുന്നു. ഒപ്പം പൊരുതി ജയിക്കാനായവരുടെ കഥകളും ഇതില്‍ ഇതള്‍ വിരിയുന്നു. ചിലര്‍ക്കെങ്കിലും ലഭിച്ച അനുഭവങ്ങള്‍ സ്വയം കൃതാനര്‍ത്ഥങ്ങളായിരുന്നു എന്ന് നമുക്ക് ബോധ്യമാകുന്നു.
ആദ്യ സിനിമയിലെ നായികയായ പി.കെ.റോസിയ്ക്ക് സമൂഹം ഏര്‍പ്പെടുത്തിയ ഭ്രഷ്ടാണ് ദുരന്തമായതെങ്കില്‍ രണ്ടാമത്തെ ചിത്രമായ മാര്‍ത്താണ്ഡവര്‍മ്മയിലെ നായിക ദേവകീഭായി പ്രണയത്തിനുവേണ്ടി ജീവിതം ത്യജിച്ചവളായിരുന്നു. നിര്‍മ്മാതാവ് സുന്ദര്‍ രാജിനെ പ്രണയിച്ച് വിവാഹം കഴിച്ച ദേവകീഭായി ഭര്‍ത്താവിന്റെ കഷ്ടപ്പാടുകളില്‍ ഒപ്പം നിന്ന് ഒടുവില്‍ അദ്ദേഹത്തിന്റെ മരണശേഷം കൂടുതല്‍ കഷ്ടതയിലായി ഒടുവില്‍ വിസ്മൃതിയില്‍ മറഞ്ഞു. വയറിളക്കത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരിച്ചു എന്ന പത്രവാര്‍ത്തയില്‍ ഒതുങ്ങിയ മിസ്സ് കുമാരിയുടെ ജീവിതം ഒരു ഞടുക്കത്തോടെയോ വായിച്ചുപോകാനാവൂ.
ചേലങ്ങാട്ടിന്റെ പുസ്തകങ്ങളില്‍ ഇനിയും നൂറുകണക്കിന് സെല്ലുലോയ്ഡുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. സിനിമയ്ക്കു പിന്നിലെ സിനിമാക്കഥകള്‍ വ്യാപകമായിരിക്കുന്ന ഇക്കാലത്ത് ജീവിതമുള്ള സിനിമാക്കഥകള്‍ വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഒരനുഗ്രഹമാണ് അന്നത്തെ നായികമാര്‍, മലയാളസിനിമയിലെ വാണവരും വീണവരും എന്നീ പുസ്തകങ്ങള്‍.
Reviews
There are no reviews yet.