Description
ഭരണമണ്ഡലത്തിന്റെ കാണാപ്പുറങ്ങള്‍ വായനക്കാരനു കാണിച്ചു തരുന്ന നോവലാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം. ഭരണവ്യവസ്ഥ പശ്ചാതലമാക്കിയ നിരവധി നോവലുകള്‍ മുമ്പും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അതില്‍ നിന്നും തികച്ചും വിഭിന്നമാണ് ‘യന്ത്രം’. സര്‍ക്കാര്‍ സര്‍വ്വീസിന്റെ പശ്ചാതലത്തില്‍ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് യന്ത്രം പറയുന്നത്. അതിനാല്‍ തന്നെയാണ് ‘യന്ത്രത്തിന്റെ വിശാലമായ ക്യാന്‍വാസ് നിറയെ ധര്‍മ്മസങ്കടങ്ങളുടെ ചിത്രമാനുള്ളതെന്ന’് മലയാറ്റൂര്‍ തന്നെ നോവലിനെ പറ്റി അഭിപ്രായമുന്നയിച്ചത്.
ബാലചന്ദ്രന്‍ എന്ന യുവ ഐഎഎസ് ഓഫീസറുടെ കഥയാണ് യന്ത്രം. ഒരു സാധാരണ നാട്ടിന്‍പുറത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച ബാലന്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അയാളുടെ മേലുദ്യോഗസ്ഥന്റെ മകളെ വിവാഹം കഴിക്കുന്നു. എന്നാല്‍ തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ ജീവിച്ച അവള്‍ക്ക് തനി നാടനായ ബാലചന്ദ്രനെ ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല. ഇതേത്തുടര്‍ന്ന് അവരുടെ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ മുളപൊട്ടുന്നു. ദാമ്പത്യത്തിലെ പ്രശ്‌നങ്ങളും ജോലിയില്‍ അവനു നേരെയുള്ള കുത്സിത ശ്രമങ്ങളും നോവലില്‍ വിവരിക്കുന്നു.
ബാലചന്ദ്രന്റെ കഥയോടൊപ്പം ജെയിംസ് എന്ന നിശ്ചയ ദാര്‍ഢ്യമുള്ള ഒരു മേലുദ്യോഗസ്ഥന്റെ കഥ കൂടിയാണ് യന്ത്രം. ആദര്‍ശ ശീലനും നിശ്ചയ ദാര്‍ഢ്യമുള്ളയാളാണ് ജെയിംസ്. ജീവിതം കരുപ്പിടിപ്പിക്കാന്‍ പെടാപ്പാട് പെടുമ്പോഴും പ്രേമിച്ചു വിവാഹം കഴിച്ച ഭാര്യയോടൊപ്പം അയാള്‍ ജീവിതത്തെ സധൈര്യം നേരിടുന്നു.ഒരു മനുഷ്യന്‍ എങ്ങിനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജെയിംസ്. ഇവരിരുവരും ഭരണമണ്ഡലം എന്ന വലിയ ഒരു യന്ത്രത്തിന്റെ ഘനമില്ലാത്ത കുഞ്ഞു പല്‍ച്ചക്രങ്ങള്‍ മാത്രം.
മലയാറ്റൂരിന്റെ തൂലികയില്‍ വിരിഞ്ഞ എക്കലത്തെയും വലിയ നോവലായ യന്ത്രത്തിന്റെ 11ാമത് പതിപ്പ് പുറത്തിറങ്ങി. മലയാളത്തിലെ ഒരു വാരികയില്‍ 1976ലാണ് ഈ നോവല്‍ ആദ്യമായ പ്രസിദ്ധീകരിച്ചത്. വയലാര്‍ അവാര്‍ഡ് നേടിയ പുസ്തകത്തിന്റെ ആദ്യ ഡിസി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത് 1998ലാണ്.
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ മലയാറ്റൂര്‍ രാമകൃഷ്ണന്‍ പാലക്കാട് ജില്ലയിലെ പുതിയ കല്‍പ്പാത്തിയില്‍ 1927 മേയ് 30നാണ് ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം ആലുവ യുസി കോളേജില്‍ ഇംഗ്ലീഷ് ട്യൂട്ടറായി. തുടര്‍ന്ന് നിയമ ബിരുദം നേടിയ അദ്ദേഹം വക്കീലായി പ്രാക്ടീസ് തുടങ്ങി.1955ല്‍ മട്ടാഞ്ചേരിയിലെ രണ്ടാം ക്ലാസ് മജിസ്‌ട്രേട്ടായതു മുതലാണ് മലയാറ്റൂരിന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. 1958ല്‍ അദ്ദേഹത്തിന് ഐഎഎസ് ലഭിച്ചു.
ഔദ്യോഗികജീവിതത്തിലെ സ്മരണകള്‍ സര്‍വ്വീസ് സ്‌റ്റോറി എന്റെ ഐ എ എസ് ദിനങ്ങള്‍ എന്ന കൃതിയില്‍ അദ്ദേഹം വിവരിക്കുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി മലയാറ്റൂര്‍ രചിച്ച നോവലാണ് പൊന്നി. തമിഴ് ബ്രാഹ്മണ ജീവിതവും ബ്യൂറോക്രസിയുടെ ഉള്ളുകള്ളികളും വിവരിക്കുന്ന നോവലാണ് വേരുകള്‍ .നിഗൂഢമായ മാനസിക പ്രവര്‍ത്തനങ്ങളാണ് യക്ഷിയുടെ ഇതിവൃത്തം. ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുളയും, ഷെര്‍ലക് ഹോംസ് നോവലുകളും ആദ്യമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതും ഇദ്ദേഹമാണ്.
Reviews
There are no reviews yet.