Description
ഷീലാ ടോമി
‘ഓരോ പുല്ലിനും അതിന്റെ അവകാശമണ്ണുണ്ട്. ഒരു പുൽക്കൊടിയുടെ അവകാശത്തെപ്പറ്റി ഗൗരവ പൂർവ്വം ചിന്തിക്കുന്ന ജീവിതദർശനം… അതുവഴി മനുഷ്യരുടെ തുല്യാവകാശങ്ങളെപ്പറ്റിയും. കുന്നും മലയും കാടും വയലും ഇടിച്ചുനിരത്തി വികസനത്തിന്റെ കോൺക്രീറ്റ് കാടുകൾ കെട്ടി പ്പൊക്കുന്നവർക്കും സമസ്തജീവജാലങ്ങൾക്കും വേണ്ടിയുള്ള ഈ ഹൃദയാർദ്രത മനസ്സിലാവില്ല.
-സാറാ ജോസഫ്
ആർത്തിപൂണ്ട ഇരുകാലികൾ മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗിൽ പല ഇക്കോളജിക്കലി സെൻസിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയൽനാട് എന്ന വയനാട്ടിൽനിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകർഷകരുടെ ജീവഗാഥ. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകൾക്കൊപ്പം ഒരു നവസഞ്ചാരം.
തീപിടിച്ച കാടിനായ്, ശബ്ദമില്ലാത്ത മനുഷ്യർക്കായ്, ലിപിയില്ലാത്ത ഭാഷയ്ക്കായ്.
ജെസിബി അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയ ചെറുകാട് അവാർഡ് നേടിയ നോവൽ.