Description
കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്?. അവരുടെ വികൃതിയും കളിചിരികളും ആസ്വദിക്കാത്തവരുണ്ടോ? കുട്ടികളില്‍ ഈശ്വരന്‍ കുടിയിക്കുന്നുവെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ അവരുടെ ലോകം മനോഹരവും അത്ഭുതകരവുമാണ്. ഗ്രാമീണ പശ്ചാതലത്തിലുള്ള ഒരു ചെറിയ കുടുംബത്തിലെ കൊച്ചുകുട്ടികളുടെ കാഴ്ച്ചപാടിലൂടെ അങ്ങനെയൊരു ലോകം വരച്ചുകാട്ടുന്ന നന്തനാരുടെ ബാലസാഹിത്യ കൃതികളാണ് ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, ഉണ്ണിക്കുട്ടന്‍ വളരുന്നു എന്നിവ. ഈ കൃതികളുടെ സമാഹാരമാണ് ഉണ്ണിക്കുട്ടന്റെ ലോകം.1973ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആദ്യ ഡി.സി പതിപ്പ് പുറത്തിറങ്ങുന്നത് 2010ലാണ്. പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
പേരു സൂചിപ്പിക്കും പോലെതന്നെ ഉണ്ണിക്കുട്ടന്‍ എന്ന ചെറിയ കുട്ടിയാണ് കഥയിലെ പ്രധാന കഥാപാത്രം. അവനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് നന്തനാര്‍ മനോഹരമായി പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്‍ നായരുമടങ്ങുന്നതാണ് അവന്റെ ലോകം. ഉണ്ണിക്കുട്ടന്റെ കുഞ്ഞു മനസ്സില്‍ ആഹല്‍ദത്തിന്റെ, കുസൃതികളുടെ, വിസ്മയങ്ങളുടെ, കൊച്ചു കൊച്ചു ദുഖങ്ങളുടെ കഥയാണ് സുന്ദരമായ ഈ നോവല്‍ .