Description
‘ഞാന്‍’ എന്നത് അനന്തമായ ബ്രഹ്‌മം തന്നെയാണെന്ന
ജ്ഞാനമാണ് പ്രജ്ഞ. അത് വാസനാരഹിതമായ ശുദ്ധബോധമാണ്.
അവിടെ അറിവില്‍നിന്നും വ്യക്തിബോധം നിശ്ശേഷം ഒഴിഞ്ഞിരിക്കുന്നു.
അത് മരണമില്ലായ്മയുടെ, അനന്തതയുടെ അനുഭവമാണ്.
പൂര്‍ണ്ണശാന്തിയാണതിന്റെ സ്വരൂപം. നിത്യനിരന്തരം ഈ
അനുഭവമുറച്ച മഹാത്മാവാണ് സ്ഥിതപ്രജ്ഞന്‍.
അലൗകികമായ ആത്മാനുഭൂതിയുടെ ആകാശഗംഗയാണ് ശ്രീമദ്
ഭഗവദ്ഗീത. ജീവിതായോധനത്തില്‍നിന്നും ഓടിയൊളിക്കാനല്ല, മറിച്ച് ആത്മാനുഭൂതിയുടെ പ്രശാന്തി പേറി അതിന്റെ നടുക്ക് നിന്നുകൊണ്ട് സ്വധര്‍മ്മമനുഷ്ഠിക്കുവാനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉദ്‌ബോധിപ്പിക്കുന്നത്. ജീവിതത്തില്‍ വരുന്ന സുഖദുഃഖങ്ങളാല്‍ തന്റെ പ്രശാന്തസ്ഥിതിക്ക്
അല്പം പോലും ചലനമില്ലാതെയിരിക്കുന്ന യോഗിയെയാണ് ഗീത
സ്ഥിതപ്രജ്ഞനെന്ന് വിശേഷിപ്പിക്കുന്നത്. സ്ഥിതപ്രജ്ഞലക്ഷണം സമഗ്രമായി പ്രതിപാദിക്കുന്ന ഈ വേദാന്തഗ്രന്ഥത്തില്‍ അനുവാചകന്
പരമലാഭം നല്‍കുന്ന അനേകം ഉപദേശങ്ങള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
ശ്രീമദ് ശങ്കരഭഗവത്പാദരുടെ ഗീതാഭാഷ്യത്തെ ആധാരമാക്കിയതും
സ്വാനുഭൂതിരസമൂറുന്ന ഋഷിവചസ്സുകളാല്‍ സമൃദ്ധവും
ആത്മജ്ഞാനപ്രകാശകവുമായ ഒരു സമ്പൂര്‍ണ്ണ ഭഗവദ്ഗീതാവ്യാഖ്യാനം ബ്രഹ്‌മശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ സ്വാമി ഇംഗ്ലീഷില്‍ രചിച്ചിരിക്കുന്നു. ഋഷിപരമ്പരാജാതനായിക്കണ്ട് ഇന്ന് ആദ്ധ്യാത്മികലോകം സമാദരിക്കുന്ന സ്വാമിയുടെ ബൃഹത്തായ ഈ നൂതനഭാഷ്യത്തില്‍നിന്നും
രണ്ടാമദ്ധ്യായത്തില്‍ വരുന്ന ‘സ്ഥിതപ്രജ്ഞലക്ഷണം’ എന്ന ഭാഗത്തിന്റെ മാത്രം മലയാളവിവര്‍ത്തനമാണ് ഇപ്പോള്‍ പ്രകാശിപ്പിക്കുന്ന ഈ ലഘുകൃതി.