പാതിരാവും പകൽവെളിച്ചവും
₹180.00
Out of stock
Get an alert when the product is in stock:
എം.ടി. വാസുദേവന്‍ നായര്‍ മലബാറില്‍, ഇപ്പോഴത്തെ പാലക്കാട് ജില്ലയില്‍പ്പെട്ട കൂടല്ലൂര്‍ എന്ന ഗ്രാമത്തിലാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ ജനിച്ചത്. ആ ഗ്രാമത്തിലെ കൊത്തലങ്ങാട്ടേതില്‍വീട്ടിലെ ഒരു കൊട്ടിലിലാണ് പിറവി. ജനനത്തീയതി: 1108 കര്‍ക്കിടകം 25, 1933 ഓഗസ്റ്റ് 8, ബുധനാഴ്ച. നക്ഷത്രം: ഉത്രട്ടാതി (മലയാളവര്‍ഷക്കണക്കില്‍). മാതാവിന്റെ പേര് അമ്മാളുവമ്മ. പിതാവ്: പുന്നയൂര്‍ക്കുളം ടി. നാരായണന് നായര്‍. സഹോദരന്മാര്: ഗോവിന്ദന് നായര്‍, ബാലകൃഷ്ണന് നായര്‍, നാരായണന് നായര്‍. കൂട്ടത്തില്‍ ഇളയതാണ് വാസു. അച്ഛന് നാരായണന് നായര്‍ മെട്രിക്കുലേഷന്‍ പാസായിരുന്നു. കുറച്ചുകാലം അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സിലോണിലെത്തി. ഒരു കച്ചവടസ്ഥാപനത്തില്‍ ഗുമസ്തനായി; കുറച്ചു കാലത്തിനുശേഷം സ്വന്തമായി കച്ചവടസ്ഥാപനം നടത്തി. വല്ലപ്പോഴുമാണ് നാട്ടില്‍ വന്നിരുന്നത്. അതിനാല്‍ കുട്ടിക്കാലത്ത് അച്ഛനുമായുള്ള ബന്ധം വാസുവിന് കുറവായിരുന്നു. ദാരിദ്ര്യത്തിന്റെ കയ്പറിഞ്ഞുകൊണ്ടാണ് ബാല്യകാലം പിന്നിട്ടത്. കൂടല്ലൂരില്‍ കോപ്പന് മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തില്‍ വിദ്യാഭ്യാസം ആരംഭിച്ചു. പിന്നെ മലമക്കാവ് എലിമെന്ററി സ്കൂളിലും കുമരനെല്ലൂര്‍ ഹൈസ്കൂളിലും. 1948-ല്‍ ഒന്നാം ക്ലാസോടെ എസ്.എസ്.എല്‍.സി. പാസായി (രജിസ്ട്രേഷന് നമ്പര്‍ : 51931. കൂടിയ മാര്‍ക്ക് കണക്കിനായിരുന്നു-97. മലയാളത്തിന്റെ മാര്‍ക്ക് 67). ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ എഴുതിത്തുടങ്ങി. കവിതയിലാണു തുടക്കം. മിക്ക സാഹിത്യരൂപങ്ങളും അന്ന് പരീക്ഷിക്കുകയുണ്ടായി. പത്താംതരം വിദ്യാര്‍ത്ഥിയായിരിക്കേ, സി.ജി. നായരുടെ പത്രാധിപത്യത്തില്‍ ഗുരുവായൂരില്‍നിന്നു പുറപ്പെട്ടിരുന്ന കേരളക്ഷേമം ദ്വൈവാരിക പ്രസിദ്ധീകരിച്ച പ്രാചീനഭാരതത്തിലെ വൈരവ്യവസായം എന്ന ലേഖനമാണ് പുറംലോകം കാണുന്ന ആദ്യരചന (1948). ഇതേ വര്‍ഷംതന്നെ, മദിരാശിയില്‍നിന്ന് ത.വി. പരമേശ്വരയ്യരുടെ പത്രാധിപത്യത്തില്‍ പുറപ്പെട്ടിരുന്ന ചിത്ര കേരളം പ്രസിദ്ധീകരിച്ച വിഷുവാഘോഷമാണ് അച്ചടിച്ചുവ രുന്ന ആദ്യത്തെ കഥ. 1949-ല്‍ പാലക്കാട് വിക്ടോറിയാ കോളേജില്‍ ചേര്‍ന്നു. 1953-ല്‍ രസതന്ത്രം മുഖ്യവിഷയമായെടുത്ത് ബി.എസ്സി പാസായി. ബിരുദവിദ്യാര്‍ത്ഥിയായിരിക്കേ ആദ്യത്തെ പുസ്തകം പുറത്തുവന്നു. രക്തം പുരണ്ട മണ്തരികള് എന്ന ആ കഥാസമാഹാരം (1952) എം.ജി. ഉണ്ണി എന്ന സുഹൃത്തിന്റെ ഉത്സാഹത്തില്‍. ഒരുപറ്റം കൂട്ടുകാരാണ് പ്രസാധനം ചെയ്തത്. ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോക ചെറുകഥാമത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെ (1954)യാണ് എം.ടി. വാസുദേവന്‍ നായര്‍ മലയാളസാഹിത്യത്തില്‍ ശ്രദ്ധേയനാകുന്നത്. 1954-ല്‍ പട്ടാമ്പി ബോര്‍ഡ് ഹൈസ്കൂളില്‍ 69 രൂപാ മാസശമ്പളത്തില്‍ അദ്ധ്യാപകനായി. പിന്നെ ചാവക്കാട് ബോര്‍ഡ് ഹൈസ്കൂളിലും. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലില് അദ്ധ്യാപകനായിരുന്നു. ഇതിനിടയില്‍ തളിപ്പറമ്പില്‍ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങള്‍ക്കകം രാജിവെച്ച് എം.ബിയില്‍ തിരിച്ചെത്തി. 1957-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സബ് എഡിറ്ററായി. ആദ്യകാലത്ത് ഒഴിവുസമയമുപയോഗിച്ച് കോഴിക്കോട് എം.ബി. ട്യൂട്ടോറിയലില് ക്ലാസെടുത്തിരുന്നു. 1968-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി ഉയര്‍ന്നു. 1981-ല്‍ ആ സ്ഥാനം രാജിവെച്ചു. ഏഴു കൊല്ലത്തോളം വായനയും എഴുത്തുമായി കഴിഞ്ഞുകൂടി. 1989-ല്‍ പീരിയോഡിക്കല്‍സ് എഡിറ്ററായി മാതൃഭൂമിയില്‍ തിരിച്ചെത്തി. 1999-ല്‍ രാജിവെച്ചു. എം.ടി. എഴുതിയ ആദ്യത്തെ നോവല്‍ പാതിരാവും പകല്‍വെളിച്ചവും പാലക്കാട്ടുനിന്നു പുറപ്പെട്ടിരുന്ന മലയാളിയില്‍ 1954-55 കാലത്ത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. പില്ക്കാലത്താണ് ഇതു പുസ്തകമായി വന്നത്. പുസ്തകരൂപത്തില്‍ പുറത്തുവന്ന ആദ്യത്തെ നോവല്‍ നാലുകെട്ട് (1958) നിരൂപകരുടെയും വായനക്കാരുടെയും സജീവശ്രദ്ധയ്ക്കു പാത്രമായി. ആ നോവലിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1959) ലഭിച്ചു. അന്ന് എം.ടിക്ക് 26 വയസ്സേയുള്ളൂ. ഇക്കാലത്തും തുടര്‍ന്നും പുറത്തിറങ്ങിയ നിന്റെ ഓര്‍മ്മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ബന്ധനം തുടങ്ങിയ കഥാസമാഹാരങ്ങളും, അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ നോവലുകളും മലയാളകഥയില്‍ പുതിയ ഉണര്‍വ്വിനും വഴിതിരിച്ചിലുകള്‍ക്കും കാരണമായി. സ്വന്തം കഥയായ മുറപ്പെണ്ണിന് തിരക്കഥ എഴുതിക്കൊണ്ടാണ് 1963-64 കാലത്ത് എം.ടി. സിനിമയില്‍ എത്തുന്നത്. അദ്ദേഹം 1973-ല്‍ നിര്‍മ്മാല്യം എന്ന സിനിമ സംവിധാനം ചെയ്തു. അക്കൊല്ലം ഇന്ത്യയിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍ ഈ ആദ്യചിത്രം നേടി. തുടര്‍ന്നും ചില ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്; തകഴി ശിവശങ്കരപ്പിള്ളയെപ്പറ്റി തകഴി എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും. ഇതിനകം 60 സിനിമകള്‍ക്ക് തിരക്കഥയെഴുതി. ചലച്ചിത്രരംഗത്ത് ചില അന്താരാഷ്ട്ര ബഹുമതികള്‍ നേടിയ ആളാണദ്ദേഹം. ജക്കാര്‍ത്ത ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നിര്‍മ്മാല്യം ഏറ്റവും നല്ല ഏഷ്യന്‍ ഫിലിം എന്ന നിലയില്‍ ഗരുഡ അവാര്‍ഡ് നേടി (1974). ജപ്പാനിലെ ഓക്കയാമാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച എം.ടിയുടെ കടവിന് ഗ്രാന്‍പ്രീ അവാര്‍ഡു ലഭിച്ചു (1992). ഇതേ ചിത്രം സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്ന നിലയില്‍ സില്‍വര്‍ സ്ക്രീന്‍ അവാര്‍ഡിന് അര്‍ഹമായി (1992). കടവിന് 1991-ല്‍ത്തന്നെ ദേശീയപുരസ്കാരം ലഭിച്ചിരുന്നു. തിരക്കഥാരചനയ്ക്ക് നാലു തവണ ദേശീയബഹുമതി ലഭിക്കുക എന്ന അപൂര്‍വ്വതയും എം.ടിയുടെ കാര്യത്തിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സിനിമാരംഗത്തെ പല അവാര്‍ഡുകളും പല തവണ നല്കി അദ്ദേഹത്തെ ആദരിച്ചു. സാഹിത്യരംഗത്തും വിലപിടിച്ച പുരസ്കാരങ്ങള്‍ പലതും ലഭിച്ചിട്ടുണ്ട്. കാലം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1970), രണ്ടാമൂഴം വയലാര്‍ അവാര്‍ഡും (1984) നേടിയത് ഉദാഹരണം. സാഹിത്യത്തിനു നല്‍കിയിട്ടുള്ള സംഭാവനകളുടെ പേരില്‍ ജ്ഞാനപീഠപുരസ്കാരം (1995) ലഭിച്ചു. കാലിക്കറ്റ്, കോട്ടയം സര്‍വ്വകലാശാലകള്‍ ഓണററി ഡി.ലിറ്റ്. നല്കി ബഹുമാനിച്ചു (1996). 2005-ല്‍ പത്മഭൂഷണ്‍ നേടി. ഇന്ത്യയ്ക്കകത്തും പുറത്തും വ്യാപകമായി യാത്ര ചെയ്ത വാസുദേവന്‍ നായര്‍ റഷ്യ, ഫിന്‍ലന്‍ഡ്, ജര്‍മനി, അമേരിക്ക, ജപ്പാന്, ഹോങ്കോങ്, കസാഖ്സ്താന്, മസ്കറ്റ്, യു.എ.ഇ., സിലോണ്‍, ചൈന, ഈജിപ്ത്, പോര്‍ച്ചുഗല്‍ തുടങ്ങിയ നാടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്; ചില യാത്രകളെപ്പറ്റി എഴുതുകയുമുണ്ടായി. എട്ടു നോവലുകള്‍, പത്തൊന്‍പതു കഥാസമാഹാരങ്ങള്‍, നാലു ബാലസാഹിത്യകൃതികള്‍, മൂന്നു സാഹിത്യപഠനങ്ങള്‍, ഉപന്യാസ സമാഹാരങ്ങള്‍, നാലു യാത്രാവിവരണകൃതികള്‍, ഒരു നാടകം, ഒരു പ്രസംഗസമാഹാരം എന്നിങ്ങനെ നാല്പ്പത്തൊമ്പതു പുസ്തകങ്ങളിലായി അദ്ദേഹത്തിന്റെ സാഹിത്യം പരന്നുകിടക്കുന്നു. ഇതിനു പുറമേയാണ് ഒറ്റയായും സമാഹാരങ്ങളായും പുറത്തിറങ്ങിയ തിരക്കഥകള്‍. 1992 മുതല്‍ തുഞ്ചന്‍ സ്മാരക സമിതി ചെയര്‍മാനായിരുന്നു. 1995-2001 കാലത്ത് കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നു. 2024 ഡിസംബര്‍ 25ന് അന്തരിച്ചു. 2025-ല്‍ മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു.