Description
റഷ്യന്‍ എഴുത്തുകാരുടെ കുട്ടിക്കഥകള്‍
പത്തൊമ്പതാം നൂറ്റാണ്ടിലെ പേരെടുത്ത റഷ്യന്‍ സാഹിത്യകാരന്മാര് രചിച്ചിട്ടുള്ള കുട്ടിക്കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കവിശ്രേഷ്ഠനായ അലക്സാണ്ടര്‍ പുഷ്കിന്, റഷ്യയിലുടനീളം സഞ്ചരിച്ചിട്ടുള്ള ഭാഷാപണ്ഡിതനും നാവികനും, യുദ്ധകാല ഡോക്ടറുമായ വ്ളദീമിര്‍ ദാല്‍, തത്വശാസ്ത്രജ്ഞനും സംഗീതജ്ഞനുമായ വ്ളദീമിര്‍ ഒദോയെവ് സ്തി, അദ്ധ്യാപക ശിരോമണിയായ കൊണ്സ്തന്തിന് ഉഷീന്സ്തി മുതലായവരുമായി നിങ്ങള്‍ക്കു പരിചയപ്പെടാം. റഷ്യന്‍ സാഹിത്യകാരന്മാര് മറ്റു ജനതകളുടെ നാടോടിക്കഥകളും കാവ്യങ്ങളും അതീവതാല്പര്യത്തോടെ വീക്ഷിച്ചിരുന്നു. മിഹയില്‍ ലേര്‍മൊന്തൊവ് കോക്കസസ്സിലെ മഹാകാവ്യത്തെ അടിസ്ഥാനമാക്കി ഒരു കുട്ടിക്കഥ രചിച്ചിട്ടുണ്ട്. ഒരു എന്‍ജിനീയറും സഞ്ചാരസാഹിത്യകാരനുമായ നിക്കൊലയ് ഗാരിന്‍ ഒരു കൊറിയന്‍ നാടോടിക്കഥ പറയുന്നു. ലിയോ ടോള്‍സ്റ്റോയിയുടെയും അലക്സാണ്ടര്‍ കുപ്രീന്റേയും കഥകള്‍ പൗരസ്ത്യജനതകളുടെ ബുദ്ധികൂര്‍മ്മത വിളിച്ചറിയിക്കുന്നവയാണ്. ഈ കഥകളെല്ലാം വ്യത്യസ്തങ്ങളാണെങ്കിലും സത്യത്തിനും സല്‍പ്രവൃത്തിക്കും വേണ്ടിയുള്ള വ്യഗ്രതയും അദ്ധ്വാനത്തോടുള്ള ആദരവും ജന്മനാടിനോടുള്ള സ്നേഹവും ഇവയ്ക്കെല്ലാം ഒരു പൊതുസ്വഭാവം നല്കുന്നു.