Description
ബഷീർ
“മതിലുകളിൽ കഥാകൃത്തിന്റെ ജയിൽവാസം വർണനാവിഷയമാകുന്നു. പക്ഷേ, ആ കഥയും പോലീസ് മർദ്ദനങ്ങളെക്കുറിച്ചോ രാഷ്ട്രീയത്തടവു കാർക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചോ അല്ല. ‘ആരും എന്നെ തല്ലിയില്ല’, അദ്ദേഹം എഴുതുന്നു: ‘ലോക്കപ്പിൽ കിടന്ന് ഞാൻ കുറെ പോലീസ് കഥകളെഴുതി. കടലാസും പെൻസിലും പോലീസ് ഇൻസ്പെക്ടർ തന്നതാണ്. അതുപോലെ തന്നെ ജയിലിനുള്ളിലെ അന്തരീക്ഷവും അത്ര
കഠോരമായിരുന്നില്ല. ഭക്ഷണത്തിനു കോഴിമുട്ടയുണ്ട്. ചായ കുടിക്കാം, ബീഡി വലിക്കാം. വായിക്കാം, അവിടെവച്ച് ബഷീർ ബ്രിഡ്ജ് കളിക്കാൻകൂടി പഠിച്ചുവത്രേ. പക്ഷേ, മതിലുകളും വാതിലുകളും ഉണ്ടായിരുന്നു എവിടെ നോക്കിയാലും. വാർഡർമാരും. ജയിലറുമായും ജയിൽ സൂപ്രണ്ടുമായും അദ്ദേഹം രമ്യതയിൽ കഴിഞ്ഞു. ജയിൽവളപ്പിൽ പനിനീർച്ചെടികൾ നട്ടുപിടിപ്പിച്ച് ഒരു പൂന്തോട്ടവും അദ്ദേഹം ഉണ്ടാക്കിക്കളഞ്ഞു. പക്ഷേ, ഇതെല്ലാം ഒരു പ്രേമകഥയുടെ പശ്ചാത്തലവിവരണങ്ങളാണെന്ന് ഓർക്കണം. ‘മതിലുകൾ’ എന്ന പേരിൽ ഒരു ചെറിയ പ്രേമകഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ?’ എന്നിങ്ങനെയാണ് കഥ ആരംഭിക്കുന്നതുതന്നെ. ബഷീർ എഴുതിയ പ്രേമകഥകളിൽവച്ച് ഏറ്റവും അസാധാരണമായ ഒരു പ്രേമകഥ. സംഭവം കഴിഞ്ഞു കൊല്ലങ്ങൾക്കുശേഷം ഏകാന്തതയിൽ നുണഞ്ഞാസ്വദിക്കുന്ന ഒരു പ്രമകഥ.”
-ഡോ. ആർ. ഇ. ആഷർ