Description
സിദ്ധിനാഥാനന്ദസ്വാമി
നിയമിതവും വ്യവസ്ഥാപിതവുമായ ഒരു നാഗരികതയും സംസ്കാരവുമാണ് നാം മനുസ്മൃതിയിൽ കാണുന്നത്. ചരിത്രാതീതകാലത്തായിരുന്നു മനു ജീവിച്ചിരുന്നത്. വേദത്തിൽ മനുവിനെക്കുറിച്ചു പ്രസ്താവമുണ്ട്. ‘സത്യം വദ ധർമ്മം ചര’ എന്ന ഉപനിഷദുപദേശം സഫലമാക്കാൻ, വർണ്ണാശ്രമംവഴി ഓരോ വ്യക്തിയും സ്വസ്വധർമ്മം നിർവ്വഹിച്ച് ഋണമുക്തനായി ജന്മസാഫല്യം നേടാനുള്ള ഒരു സമഗ്രപദ്ധതിയാണ് മനു നിർദ്ദേശിക്കുന്നത്. മനുവിനുശേഷം നിയമവിധേയമായിട്ടാണ് സമുദായത്തിൽ മാറ്റങ്ങളും പരിഷ്കാരങ്ങളും സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഭാരതീയ സംസ്കാരം സജീവമായി ഇന്നും നിലകൊള്ളുന്നതും. മനു വീണ്ടും വന്നാൽ താൻ പണ്ടു നിർദ്ദേശിച്ച നിയമങ്ങൾ ഇന്നും നിലനിൽക്കുന്നതു കാണും എന്നു വിവേകാനന്ദസ്വാമികൾ പറഞ്ഞിട്ടുണ്ട്. ഭാരതസംസ്കാരത്തിന്റെ അനസ്യൂതതയ്ക്ക് മനുസ്മൃതിയുടെ സംഭാവന ചെറുതല്ല. ഭാരതസംസ്കാരം രൂപപ്പെടുത്തുന്നതിൽ മനുസ്മതി വഹിച്ച പങ്ക് നിസ്തുലമത്രെ. ധർമ്മത്തിന്റെ ബാഹ്യരൂപത്തിനു കാലാനുരൂപം എന്തെല്ലാം മാറ്റങ്ങൾ വന്നാലും സ്വധർമ്മാനുഷ്ഠാനമെന്ന ആന്തരഭാവത്തിന് ഒരു കാലവും മാറ്റമില്ല.