Description
നീലസർപ്പങ്ങൾ മയങ്ങുന്ന താഴ്വരയുടെ രണ്ടാം പതിപ്പ്
ഹിമാലയ സാനുക്കളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇടിഞ്ഞു പൊളിഞ്ഞ ദേവീക്ഷേത്രത്തിന്റെ തകർന്ന വിഗ്രഹത്തിൽ അഭയം പ്രാപിച്ച നാഗകന്യകയുടെയും ഒരു യുവസന്യാസിയുടെയും തീക്ഷ്ണപ്രണയത്തിന്റെയും പ്രതികാരത്തിന്റെയും യഥാർത്ഥ കഥയുടെ നോവൽ ആവിഷ്കാരം.
‘കാളിദാസാ!’ കാതുകളിൽ മണികർണികയുടെ മധുരശബ്ദം.
‘നീ പറഞ്ഞതൊക്കെ ശരിയാണ്. നിന്റെ തപസ്സിന്റെ ശക്തി കഴിഞ്ഞ ജന്മത്തിൽത്തന്നെ തിരിച്ചറിഞ്ഞവളാണ് ഞാൻ. ഒരു സ്ത്രീ ആഗ്രഹിക്കുന്നത് പുരുഷന്റെ ഭ്രമിപ്പിക്കുന്ന സൗന്ദര്യമല്ല. അവന്റെ ഇച്ഛാശക്തിയാണ്. അവന്റെ ശരീരം നശിക്കുന്നതാണെന്നും പ്രാണൻ മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും അറിഞ്ഞുകൊണ്ട് നിന്റെ പ്രാണനെ പല ജന്മങ്ങളായി പിന്തുടരുന്നവളാണ് ഞാൻ.’
മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ‘മണികർണിക’ എന്ന പേരിലും പിൽക്കാലത്തു “നീലസർപ്പങ്ങൾ മയങ്ങുന്ന താഴ്വര’ എന്ന പേരിൽ പ്രസിദ്ധീകരിച്ച നോവലിന്റെ രണ്ടാം പതിപ്പ്. സംഭവബഹുലമായ ജീവിതത്തിന്റെ അപ്രതീക്ഷിത മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്ന കൃതി.
‘ശത്രുവിന്റെ ശക്തിയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ശത്രു പെണ്ണാണെങ്കിൽ കേമം. ഇവളെ ഞാൻ രക്ഷിക്കും. ഇവൾ രണ്ടാം ജന്മം പോലെ ഉയർത്തെഴുന്നേൽക്കും. ശത്രുവിനോട് പൊരുതുന്നത് എനിക്ക് ആനന്ദമാണ്… തോൽക്കുകയാണെങ്കിൽ പോലും.’
നോവൽ സാഹിത്യത്തിൽ തന്റെ മാന്ത്രിക രചന കൊണ്ട് പുതിയ മാനം സൃഷ്ടിച്ച നോവലിസ്റ്റ് സുനിൽ പരമേശ്വരന്റെ മലയാളത്തിലെ ആദ്യത്തെ നാഗപ്രേത മാന്ത്രിക നോവൽ.