Description
മലയാള കവിതയുടെ വികാസപരിണാമങ്ങളെയും ഭാവുകത്വമാറ്റങ്ങളെയുംകുറിച്ച് പ്രശസ്ത കവിയും നിരൂപകനുമായ സച്ചിദാനന്ദന്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഇടശ്ശേരി, എം. ഗോവിന്ദന്‍, എന്‍.എന്‍. കക്കാട്, ബാലാമണിയമ്മ, കടമ്മനിട്ട രാമകൃഷ്ണന്‍, അയ്യപ്പപ്പണിക്കര്‍, മാധവന്‍ അയ്യപ്പത്ത്, സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയ പ്രശസ്തരായ കവികളുടെ രചനകളെക്കുറിച്ചുള്ള ആസ്വാദനവും സൂക്ഷ്മമായ നിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു.
”ജീവിതത്തിലൊരിക്കലും നിരൂപകനോ സൈദ്ധാന്തികനോ ആകുവാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല. കവിതയാണ് മറ്റു പലതുമെന്നതുപോലെ എന്നെ ആ രംഗങ്ങളിലും എത്തിച്ചത്. മലയാള കവിതയില്‍ ഒരു ഭാവുകത്വ പരിവര്‍ത്തനത്തിന്റെ മുഹൂര്‍ത്തത്തിലാണ് ഞാന്‍ കവിതയെഴുത്ത് ഗൗരവമായെടുക്കാന്‍ തുടങ്ങിയത്. ആ പരിവര്‍ത്തനത്തിന്റെ വിമര്‍ശകരാകാന്‍ ധാരാളം പേരുണ്ടായിരുന്നെങ്കിലും വക്താക്കളും വ്യാഖ്യാതാക്കളുമാകാന്‍ ഏറെപ്പേരില്ലായിരുന്നു. ആദ്യമാദ്യം കവികള്‍ക്കുതന്നെ ആ ദൗത്യം ഏറ്റെടുക്കേണ്ടിവന്നു. അയ്യപ്പപ്പണിക്കരായിരുന്നെന്നു തോന്നുന്നു ആ വഴിയേ ആദ്യം സഞ്ചരിച്ചത്. ഏതാണ്ട് അതേ കാലത്തുതന്നെ പുതുകവിതയെക്കുറിച്ച് ഞാനും എഴുതാനാരംഭിച്ചു. ‘സാഹിത്യപരിഷത്ത്’ മാസികയില്‍ വന്ന നവീന കവിതയെക്കുറിച്ചുള്ള ദീര്‍ഘലേഖനത്തിലായിരുന്നു തുടക്കം. പിന്നെ ‘കേരള കവിത’യുടെ പ്രമുക്തി സമ്മേളനത്തില്‍ മുഖ്യ പ്രബന്ധമവതരിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ആ ത്രൈമാസികത്തിന്നുവേണ്ടിത്തന്നെ ഒറ്റക്കവിതാപഠനങ്ങളെഴുതാനും. പിന്നെ പുതുകവിതയുടെ മാറിവരുന്ന വഴികള്‍ ശ്രദ്ധിക്കുക പതിവായി; നവസംക്രമണങ്ങളെക്കുറിച്ച് അപ്പപ്പോള്‍ നിരീക്ഷണങ്ങളെഴുതുകയും. എന്റെ ‘തിരഞ്ഞെടുത്ത ലേഖനങ്ങളി’ലെ ഒന്നാം ഭാഗത്തിലെ ഏറെ ലേഖനങ്ങളും അങ്ങനെ എഴുതപ്പെട്ടതാണ്. പരിവര്‍ത്തനം കവിതയില്‍ മാത്രമായിരുന്നില്ല, അങ്ങനെ ചിലപ്പോള്‍ കഥയെക്കുറിച്ചും എഴുതേണ്ടിവന്നു; സുകുമാരനും പട്ടത്തുവിളയും നിര്‍മ്മല്‍ കുമാറും സാറാ ജോസഫും അവരുടെ സമാഹാരങ്ങള്‍ക്ക് അവതാരികകള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ആനന്ദവും അംഗീകാരവുമായി. ചിലപ്പോള്‍ പൂര്‍വ്വികരിലേക്ക് തിരിഞ്ഞുനോക്കാനും അവസരങ്ങളുണ്ടായി. ഒപ്പം ചിത്രകലയുള്‍പ്പെടെയുള്ള രംഗങ്ങളിലെ നവീകരണങ്ങളിലേക്കും. എഴുപതുകളുടെ പാതിയിലെവിടെയോ എന്റെ കവിതയ്‌ക്കൊപ്പം ചിന്തയും ജീവിതവും രാഷ്ട്രീയവത്കരിക്കപ്പെട്ടു. ജനകീയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങളും ചില സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളുമായുള്ള ബന്ധവും (ചിലപ്പോള്‍ പത്രാധിപത്യം തന്നെയും) ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായ ഗവേഷണവും സൈദ്ധാന്തിക താത്പര്യത്തെ ഉദ്ദീപിപ്പിച്ചു. യൗവ്വനാരംഭത്തില്‍ത്തന്നെ ഉണ്ടായിരുന്ന തത്ത്വചിന്താപ്രണയവും പാരായണവും പുതിയ സാമൂഹികലക്ഷ്യങ്ങളോടെ തിരിച്ചുവന്നു; ചിന്ത അസ്തിത്വവാദപരിസരത്തില്‍നിന്ന് മാര്‍ക്‌സിസത്തിന്റെ പരിസരത്തിലേക്ക് മാറി, അതിനെ ഘടനാവാദാനന്തര ചിന്തകളുമായി ഇണക്കാനും ശ്രമമുണ്ടായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സര്‍ഗ്ഗാത്മക വിമൃഷ്ടിയും അന്നേ ആരംഭിച്ചതാണ്. ഒപ്പം മാധ്യമവിമര്‍ശം, പരിസ്ഥിതി, ആരോഗ്യരംഗം, വിദ്യാഭ്യാസം, നാടകവേദി, ചലച്ചിത്രം, ജാതി, ലിംഗം, വര്‍ഗ്ഗീയത, സംസ്‌കാരം: അനേകം മേഖലകളിലേക്ക് പ്രായോഗിക ഇടപെടലുകളുമായി ബന്ധപ്പെട്ട് താത്പര്യം വ്യാപിച്ചു. ധൈഷണികമായി ഉത്തേജകമായിരുന്നു ആ കാലം. എണ്‍പതുകളിലും അത് നവദിശകളില്‍ തുടര്‍ന്നു.
ദില്ലിയിലെ വാസവും പുതിയ ഉത്തരവാദിത്വങ്ങളും മലയാള സാഹിത്യത്തിന്നു പുറത്തുള്ള ഇന്ത്യന്‍ സാഹിത്യത്തിലെ അന്വേഷണങ്ങള്‍ അനിവാര്യമാക്കി. ഭക്തിപ്രസ്ഥാനം മുതല്‍ ദളിത് സാഹിത്യംവരെയുള്ള മുന്നേറ്റങ്ങളില്‍ ഇന്ത്യന്‍ സാഹിത്യത്തിലെ ഒരു രണ്ടാം പാരമ്പര്യം ഞാന്‍ കണ്ടെത്തി. ‘ഇന്ത്യന്‍ ലിറ്ററേച്ചറി’ന്റെ പത്രാധിപത്യവും അക്കാദമിയുടെ കാര്യദര്‍ശിത്വവും അതോടനുബന്ധിച്ച പ്രഭാഷണങ്ങളും പ്രബന്ധങ്ങളും സര്‍വ്വകലാശാലാ അധ്യാപകര്‍ക്കു നടത്തിയ കോഴ്‌സുകളുമെല്ലാം ഈ വീക്ഷണം വികസിപ്പിക്കാന്‍ അവസരമായി. ഈ താത്പര്യം ഇന്നും അവസാനിച്ചിട്ടില്ല. അതേസമയം ഇടതുപക്ഷത്തിന്റെ സമസ്യകളിലുള്ള ഉത്കണ്ഠകളും അവസാനിച്ചിട്ടില്ല. രാഷ്ട്രീയമായി ഒരു നവ ഇടതുപക്ഷത്തുതന്നെയാണിന്നും ഞാന്‍. അങ്ങനെ ഈ ലേഖനങ്ങളെല്ലാം എന്റെ തന്നെ ജീവിതവുമായും ഞാന്‍ നടത്തിയ സാമൂഹികവും സാംസ്‌കാരികവും സൗന്ദര്യാത്മകവുമായ ഇടപെടലുകളുമായും ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇവയിലേറെയും ചെറുപ്രസാധകരാണ് മുമ്പ് പ്രസിദ്ധീകരിച്ചത്.” -എന്ന് ആമുഖത്തില്‍ സച്ചിദാനന്ദന്‍
മൂന്നാം പതിപ്പ്.
Reviews
There are no reviews yet.