Description
ആ മഹാപ്രസ്ഥാനത്തിലേക്കുള്ള തങ്ങളുടെയും മഅ്ദിന്റെയും വളര്‍ച്ചയുടെ പടവുകള്‍ മനസ്സിലാക്കാന്‍ ഈ ജീവിതകഥ തീര്‍ച്ചയായും ഉപകാരപ്പെടും. പ്രതിസന്ധികളെ ഒരാള്‍ എങ്ങനെയാണ് അവസരങ്ങളാക്കി മാറ്റുന്നതെന്ന, നിസ്സഹായതകളെ പ്രതീക്ഷകളാക്കി പരിവര്‍ത്തിപ്പിക്കുന്നതെന്ന വലിയ പാഠമാണ് ഈ ജീവിതകഥയുടെ മര്‍മ്മം. നാം ജീവിക്കുന്ന ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലത്തെ അതിജയിച്ചു മുന്നോട്ടുപോകാന്‍ ഏറെ അത്യന്താപേക്ഷിതമായ, നാമെല്ലാവരും നിര്‍ബ്ബന്ധമായും സ്വായത്തമാക്കേണ്ട ചില നൈപുണ്യങ്ങളിലേക്കും പരിശീലനങ്ങളിലേക്കുമുള്ള വാതില്‍ തുറക്കുകയാണിവിടെ. വിപുലമായ യാത്രകളിലൂടെയും തീക്ഷ്ണമായ പരീക്ഷണങ്ങളിലൂടെയും തങ്ങള്‍ നേടിയെടുത്ത വ്യക്തിപരമായ അനുഭവങ്ങളുടെ ഗുണഫലങ്ങള്‍ വലിയൊരു സമൂഹത്തിനുകൂടി അനുഭവിക്കാന്‍ ഈ എഴുത്ത് വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍
സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വിദ്യാഭ്യാസത്തിന്റെ വെളിച്ചം എത്തിച്ചുകൊടുത്തുകൊണ്ട് അതിലൂടെ സമൂഹത്തിന്റെ ബുദ്ധിക്കും ബുദ്ധിവൈഭവത്തിനും കൂടുതല്‍ തിളക്കവും മാറ്റും വര്‍ദ്ധിപ്പിക്കുകയാണ് മഅ്ദിന്‍ അക്കാദമി.ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് വിദേശ സര്‍വ്വകലാശാലകളുമായി കൂട്ടുകെട്ടുണ്ടാക്കി അത് കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി നടപ്പിലാക്കുകയാണ് ഖലീല്‍ തങ്ങള്‍. മഅ്ദിന്‍ മലപ്പുറത്തിനാകെ തിലകക്കുറിയാണ്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്