Description
സ്വാമി ചിന്മയാനന്ദ
ഋഷിസന്ദേശമായ ഭഗവദ്ഗീതയും ഉപനിഷത്തുക്കളും പ്രചരിപ്പിക്കുന്നതിനുവേണ്ടി അസാമാന്യ ഊർജ്ജസ്വലതയോടും പ്രചോദനത്തോടും കൂടി നാല് ദശകത്തിലധികം പ്രയത്നിച്ച മഹാത്മാവാണ് ശ്രീ. സ്വാമി ചിന്മയാനന്ദജി. ആർഷസന്ദേശ പ്രചരണത്തിനു വേണ്ടി ലോകം മുഴുവനും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായ ചിന്മയമിഷൻ എന്ന സംഘടന സ്വാമി ചിന്മയാനന്ദ എന്ന യതിവര്യൻ തന്റെ രാഷ്ട്രത്തിലെ ജനങ്ങൾക്ക് പ്രദാനം ചെയ്ത മഹത്തായ ഒരു പ്രസ്ഥാനമാണ്. പ്രഗത്ഭനായ പ്രാസംഗികൻ, എഴുത്തുകാരൻ, നേതൃത്വപാടവമുള്ള ഒരു ദേശസ്നേഹി എന്നീ നിലകളിലൊക്കെ അറിയപ്പെടുന്നതായ അഭിവന്ദ്യ സ്വാമി ചിന്മയാനന്ദ ആർഷപൈതൃകത്വത്തിന്റെ ശ്രേഷ്ഠനായ ഒരു പ്രതിനിധിയാണ്.
ജീവിതം ധന്യമാക്കാൻ എന്ന ഈ ഗ്രന്ഥം വേദാന്ത ശാസ്ത്ര രംഗത്തുള്ള എല്ലാ ഉപരിപഠനങ്ങൾക്കും സഹായകമാകാൻ രൂപപ്പെടുത്തിയ ഒരു പ്രാഥമിക പുസ്തകമാണ്. വളരെ ലളിതവും ശക്തവുമായ ഭാഷാപ്രയോഗത്തിലൂടെ എല്ലാ വായനക്കാരേയും ഒരു നല്ല ജീവിതചര്യ സ്വീകരിച്ച് ആദ്ധ്യാത്മികതയെ സമാശ്രയിക്കാൻ ഈ പുസ്തകം ആഹ്വാനം ചെയ്യുന്നു. മുപ്പതോളം ലേഖനങ്ങളിലൂടെ തയ്യാറാക്കിയ പ്രസ്തുത ഗ്രന്ഥം ആദ്ധ്യാത്മികരംഗത്തെ പുതിയ വിദ്യാർത്ഥികൾക്കും ഈ രംഗത്ത് കുറച്ചുകാലം സാധന പരിശീലിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും ഒരുപോലെ ഹിതാവഹമായിരിക്കും.
ചിന്മയ പ്രസിദ്ധീകരണ വിഭാഗം, എറണാകുളം