Description
യു.എ. ഖാദർ
തൃക്കോട്ടൂരംശത്തിൽ ആരംഭിച്ചതും യു. എ. ഖാദർ എന്ന എഴുത്തുകാരന്റെ മുദ്രയായി പിന്നീട് പരിണമിച്ചതുമായ ആ സവിശേഷശൈലിയിൽപ്പെടാത്ത ചില കഥകൾ ഈ അന്തിമസമാഹാരത്തിൽ ഉണ്ടെന്നുള്ളത് എടുത്തുപറയേണ്ടതാണ്. കരവലയം എന്ന കഥ ടി. പത്മനാഭൻ എഴുതിയതാണെന്ന് ഒരുവേള, ഖാദറിന്റെ പേരില്ലാതെയാണ് നാമതു വായിക്കുന്നതെങ്കിൽ, തോന്നിയേക്കാം. അതുപോലെ, വനജ, ഇരുൾ പാരിതോഷികം, സ്ത്രീ എന്നീ കഥകൾ തന്നിൽനിന്നു കുതറാൻ ഖാദർ നടത്തിയ ശ്രമങ്ങളായും അനുഭവപ്പെട്ടേക്കാം.
– സുഭാഷ്ചന്ദ്രൻ
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആദ്യം വന്ന യു. എ. ഖാദർ കഥയായ സ്ത്രീ, മലയാളം കൊണ്ടാടിയ തൃക്കോട്ടൂർ ശൈലി തുടങ്ങിവെച്ച തൃക്കോട്ടൂരംശം, അവസാനകഥയായ അലിമൊട്ട് തുടങ്ങി യു.എ. ഖാദറിന്റെ വ്യത്യസ്ത ലോകങ്ങൾ ഉൾക്കൊള്ളുന്ന പത്തു കഥകൾ. ഒപ്പം, എഴുത്തിനെയും ജീവിതത്തെയും കുറിച്ച് ഉള്ളുതുറക്കുന്ന ദീർഘമായ അഭിമുഖവും.