Description
നൗഫൽ എൻ.
ജീവിതത്തിൽ അല്പം പോലും ജീവിതം ബാക്കിയില്ല എന്ന് തോന്നുന്ന നിമിഷം നിങ്ങൾക്ക് വായിച്ചു തുടങ്ങാനാവുന്ന പുസ്തകമാണിത്. ജീവിതത്തെ ചെറുവിരൽ കൊണ്ടെങ്കിലും കോർത്തു പിടിക്കാൻ ശ്രമിക്കുന്ന, തുളുമ്പിപോകുമെന്ന ഭയം ലവലേശമില്ലാതെ ജീവിതത്തെ പകരാൻ ശ്രമിക്കുന്ന ഓർമ്മകളുടെയും ചിന്തകളുടെയും ഘോഷയാത്രയാണിത്. ഈ പുസ്തകത്തിൽ തെളിമയിൽ ജീവിതം മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. വെറുപ്പും വിദ്വേഷവും മുഖംമൂടികളും ഉടുപ്പുടയാത്ത കെട്ടിപ്പിടിത്തങ്ങളും ജീവിതത്തിന്റെ പകിട്ട് ഇല്ലാതാക്കുന്നുണ്ടാകാം. അപ്പോഴും നിലീനമായി, ജീവിതത്തിന്റെ മഹാലയത്തെ ത്രസിപ്പിക്കുന്ന ഒന്ന് ഇവിടെയുണ്ട് എന്ന് ‘ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ?’ ഓർമിപ്പിക്കുന്നു. ജീവിതം പട്ടു പോയിട്ടില്ല എന്ന വാഗ്ദാനം കൊണ്ട് നമ്മെ കോരിയെടുക്കുന്ന ഒന്ന് ഈ എഴുത്തുകളിൽ നിറഞ്ഞു കിടക്കുന്നു. ഒരു കുമ്പിൾ നിറയെ ജീവിതമുണ്ടാകാം. അതിൽ ഒരല്പവും ചോരാതെ പകർന്നു കൊടുക്കൽ അസാധ്യവുമാകാം, അപ്പോഴും, അതിനുള്ള കുഞ്ഞു ശ്രമങ്ങളെങ്കിലും മനുഷ്യർക്ക് സാധ്യമെന്ന് ഈ പുസ്തകം ആണയിടുന്നു. ഈ പുസ്തകം ഒരു കുമ്പിൾ നിറയെ ജീവിതം നീട്ടുന്നു. നിങ്ങൾക്കത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ആവാം.