Description
മനുഷ്യജീവിതത്തിന്റെ വൈവിദ്ധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും ചരിത്രത്തിന്റെ പിന്തുണയോടെ വര്‍ത്തമാനകാലത്ത് വിചാരണ ചെയ്യുകയാണ് രാമനുണ്ണി ഈ സമാഹാരത്തില്‍. ഇടശ്ശേരിയുടെ ആദര്‍ശാത്മക മാനവികതയാണ് കഥാകൃത്തിന്റെ ധൈഷണിക ധാതുബലം. ഇടശ്ശേരിക്കാറ് ഈ ആദര്‍ശത്തിന്റെ കൊടിയടയാളമാകുന്നു. പുതിയ കാലത്തിന്റെ സമസ്യകളോട് ഇടശ്ശേരിയുടെ ആശയലോകം സംവാദാത്മകമായി പ്രതികരിക്കുന്നത് ഇവിടെ കാണാം. സുനിഷ എന്ന എയര്‍ഹോസ്റ്റസിലൂടെ മനുഷ്യന്റെ ഇടപെടലുകളില്ലാത്ത ഭൂമിയെന്ന ആശയം മുന്നോട്ടുവെക്കുന്നു ഇവാക്യുവേറ്റ് ഇവാക്യുവേറ്റ് ഇവാക്യുവേറ്റ്. അധികാരവര്‍ഗ്ഗവും കമ്പോളതാത്പര്യങ്ങളും ചേര്‍ന്ന് എതിര്‍സ്വരങ്ങളെ ഇല്ലാതാക്കുന്നതിന്റെ ചിത്രമാണ് ആസ്ഥാന അല്ല അസ്ഥാനകവി. ഇന്ത്യാചരിത്രത്തില്‍ നടക്കാതെപോയ ഒരു കൂടിക്കാഴ്ചയെ ഭാവന ചെയ്യുകയാണ് ബാപ്പുജിയും നേതാജിയും. വരേണ്യതയും കീഴാളതയും ഒന്നിക്കുന്ന പുതിയൊരു ഇടവും സാദ്ധ്യതയും കാണിച്ചുതരുന്നു ആയുഷ്മാന്‍ ഭവ. ദാമ്പത്യത്തിനകത്ത് നിലനില്‍ക്കുന്ന അധികാരഘടനകളെ സമാന്തരമായ മറ്റു വഴികളിലൂടെ അട്ടിമറിക്കുന്ന കാഴ്ചയാണ് മാധവിക്കുട്ടി എന്ന കഥയില്‍.
ചരിത്രത്തിന്റെയും അധികാരത്തിന്റെയും ബലതന്ത്രങ്ങളോട് ഇടഞ്ഞുനില്‍ക്കുകയും ബദല്‍വഴികളിലൂടെ അവയെ ഭാവനാത്മകമായി അട്ടിമറിക്കുകയും ചെയ്യുന്ന ആറു കഥകള്‍.