Description
ഡോക്ടര്‍ പി.എസ്. നായര്‍
”….സര്‍വ്വശക്തിസ്വരൂപിണിയായ ലോകമാതാവേ! ദേവിയുടെ മഹാപൂര്‍ണ്ണഭാവത്തെ നിസ്സാരനായ മനുജന്‍ ഏതുവിധമറിയുന്നു? ദേവീ! മാതാവേ! അവിടുത്തെ പൊന്‍പാദങ്ങളെ നിരാലംബനായ ഈ ദാസന്‍ ഭക്തിസമന്വിതം കൈകൂപ്പിക്കൊള്ളുന്നു.
ഇത്രത്തോളം വിശിഷ്ടമായ ഈ ശ്രീ മഹാദേവീ ഭാഗവതത്തിന്റെ അവതാരികാ കര്‍ത്താവെന്നുള്ള പൂജ്യസ്ഥാനം എനിക്കു കിട്ടിയത് എന്റെ പരമഭാഗധേയമായിട്ടേ ഞാന്‍ വിചാരിക്കുന്നുള്ളൂ. അതിനനുവദിച്ച ഗ്രന്ഥകര്‍ത്താവിനോടു എന്റെ നന്ദി ഞാന്‍ പ്രകടിപ്പിച്ചുകൊള്ളുന്നു. ഈ ഗ്രന്ഥത്തില്‍ അനുസ്യൂതമായി വിളങ്ങുന്ന തത്ത്വരത്‌നങ്ങളുടെ സഹസ്രാംശം ഭാഗമെങ്കിലും എടുത്ത് ഉദ്ധരിക്കാന്‍ ഞാന്‍ അശക്തനാണെന്ന് തുറന്നു പറഞ്ഞുകൊള്ളട്ടെ…”
മലയാളവര്‍ഷം 1107-ല്‍ ശ്രീ.വി.എന്‍. ഗോവിന്ദപ്പിള്ള എഴുതി, കൊല്ലം മലയാളരാജ്യക്കാര്‍ പ്രസിദ്ധീകരിച്ച ശ്രീമഹാദേവീഭാഗവതത്തിന്റെ അവതാരകനായ ഡോക്ടര്‍ പി.എസ്. നായര്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ് മേല്‍കൊടുത്തിട്ടുള്ള വാചകങ്ങള്‍. അക്കാലത്ത് നോവല്‍സാഹിത്യം മാത്രം നട്ടുവളര്‍ത്തിക്കൊണ്ടിരുന്ന ഗ്രന്ഥകാരന്‍, കാലംകഴിയുന്തോറും ജ്വലിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പൗരാണികഗ്രന്ഥങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കുമോ എന്ന് അദ്ദേഹം പോലും ആലോചിച്ചില്ലായിരിക്കാം. ഏതാണ്ട് അരനൂറ്റാണ്ടിനു ശേഷം അദ്ദേഹം തന്നെ ദേവീഭാഗവതം ഗദ്യത്തിലെഴുതി. വിവര്‍ത്തനമല്ല. മറ്റ് ഗദ്യവിവര്‍ത്തനങ്ങളിലുള്ള സംസ്‌കൃതശ്ലോകങ്ങള്‍ ഒഴിവാക്കിക്കൊണ്ടും, പ്രസക്തമല്ലാത്ത പല കഥകള്‍ ഒഴിവാക്കിയും വേണ്ടുന്ന ചിലവ ഉള്‍ക്കൊള്ളിച്ചുമാണ് ഈ പുസ്തകം തയ്യാറാക്കിയത്. പേരിന് മാറ്റം വരുത്തണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ശ്രീമഹാഭാഗവതം, ശ്രീമഹാദേവീ ഭാഗവതം എന്നുള്ള സുപരിചിതമായ പേരുകളില്‍ നിന്നും ഭിന്നമായി ”ദേവീമഹാഭാഗവതം” എന്ന ടൈറ്റിലിലാണ് ഈ പുസ്തകം നിങ്ങളുടെ കൈകളില്‍ ഇരിക്കുന്നത്. ആദ്യം മഹാഭാരതം തുടര്‍ന്ന് സമ്പൂര്‍ണ്ണരാമായണം, മഹാഭാഗവതം, ശ്രീമദ് ഭഗവദ് ഗീത എന്നീ ഗദ്യഗ്രന്ഥങ്ങള്‍. അമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ അവതാരകനായി ഏറ്റെടുത്ത കൃത്യം ദേവീമഹാഭാഗവതത്തിന്റെ പ്രസിദ്ധീകരണത്തോടെ അദ്ദേഹം സമ്പൂര്‍ണ്ണമാക്കിയിരിക്കുകയാണ്.
-പ്രകാശകര്‍