Description
ലോകപ്രശസ്ത സിനിമാസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതിയ സിനിമാലേഖനങ്ങളുടെ അപൂര്‍വ്വസമാഹാരം.
”ജീവിക്കുന്ന സമൂഹവുമായി ഇടപെടുന്ന സിനിമയാണ് നമുക്കാവശ്യം. എന്നു പറയുമ്പോള്‍ അന്നന്നു കാണുന്ന അനീതികള്‍, അക്രമങ്ങള്‍, പോരായ്മകള്‍ എല്ലാം കൊരുത്ത് മുദ്രാവാക്യം മുഴക്കുന്ന സിനിമ എന്ന് അതിനര്‍ഥമില്ല.
എല്ലാ സൃഷ്ടികളുടെയും ഉത്തേജകമായ ഉറവിടം ഒരു ഇന്നലെയിലാണ് കുടികൊള്ളുന്നത്. നടപ്പിലുള്ള ഇന്ന് ഇന്നലെയാവുന്നത് നിമിഷാര്‍ധങ്ങളുടെ വേഗത്തിലാണ്. അറിയാതെ, ഓര്‍ക്കാതെ ഇന്നുകള്‍ ഇന്നലെയില്‍ ലയിച്ച് ഇന്നലെയുടെ ആഴവും വിസ്തൃതിയും കൂട്ടിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ഇന്നലെയെന്ന അനുഭവഖനിയെ മറന്നുകൊണ്ടോ മറച്ചുകൊണ്ടോ ഒരു സൃഷ്ടിയും സാധ്യമല്ലതന്നെ. മറിച്ചുള്ള, ഇന്നിന്റെ പിന്നാലെയുള്ള വൃഥാ പ്രയാണം ആധുനികതയെപ്പറ്റിയും നവീനതയെപ്പറ്റിയുമുള്ള വഴി പിഴച്ച ധാരണകള്‍ നയിക്കുന്നതാണ്.
നടപ്പിലുള്ള ഇന്ന് അതിന്റെ ക്ഷണികതകൊണ്ടും അടുപ്പംകൊണ്ടും അവ്യക്തമാണ്. വരാനുള്ള നാളെയാവട്ടെ പൂര്‍ണമായും അജ്ഞാതവും. നമുക്ക് തിരിഞ്ഞുനോക്കാനും ഉള്‍ക്കൊള്ളാനും സമഗ്രതയില്‍ അനുഭവിക്കാനും കിട്ടുന്നത് ഇന്നലെയെ മാത്രമാണ്. അതുകൊണ്ടുതന്നെ കലാസൃഷ്ടികള്‍ ഇന്നലത്തെ അനുഭവത്തിന്റെ ഓര്‍മകളില്‍ പൂക്കുന്ന ഭാവനയുടെ സൃഷ്ടികളാകുന്നു. ഇവിടെ അനുഭവം, ഓര്‍മ, ഭാവന എന്നീ പ്രതിഭാസങ്ങള്‍ക്കിടയിലെ അകലങ്ങളില്‍ സൃഷ്ടിയുടെ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കയാണ്.
ഓര്‍മകള്‍ ഉണ്ടായിരുന്നാല്‍ മാത്രംപോരാ. അവയെ ജനിപ്പിക്കുന്ന അനുഭവങ്ങള്‍ക്ക് ആഴവും അര്‍ഥവും ധ്വനിയും സൗന്ദര്യവും ഉണ്ടാവണം, വ്യക്ത്യനുഭവങ്ങള്‍ അനുവാചകര്‍ക്കും ഒപ്പം പങ്കിടാന്‍ തരത്തിലുള്ള സാര്‍വലൗകികത സ്വായത്തമായുള്ളവയായിരിക്കയും വേണം.”-അടൂര്‍ ഗോപാലകൃഷ്ണന്‍
Reviews
There are no reviews yet.