Description
ചെറിയാന്റെ കാവ്യജീവിതത്തിന് ഹൃദ്യമായ ഒരു സഫലതയുണ്ട്. ആ കാവ്യജീവിതമോ? അറുപതുകളിലാരംഭിച്ച് ആറു പതിറ്റാണ്ടുകളുടെ ജീവിതമുദ്രകളും പേറി ഉന്നിതാ ഒരു സമ്പൂര്‍ണ്ണഭാവത്തില്‍ കാവ്യ
രൂപിയായി ഈ വലിയ പുസ്തകത്തിന്റെ ആകൃതിയില്‍ നമ്മുടെ മുന്നില്‍ എത്തിയിരിക്കുന്നു. അതിന്മേല്‍ ചെവി വെച്ചുനോക്കൂ കേള്‍ക്കാം, ഓരോ പതിറ്റാണ്ടിന്റെയും സ്പന്ദം, ഓരോ ദശകത്തിന്റെയും ഭാവുകത്വമാറ്റത്തിന്റെ നാദഭേദദീര്‍ഘമായ ഒരു കാവ്യചരിത്രത്തിന്റെ മണിമുഴക്കങ്ങളും.
– കെ.സി. നാരായണന്‍
സ്വാതന്ത്ര്യത്തിന്റെ കുതറലും സ്വാതന്ത്ര്യം സമ്മാനിക്കുന്ന കൊടിയ വേദനയുടെ അവസ്ഥയും കീഴടങ്ങലിന്റെ പരിഹാസ്യമായ ആനന്ദവുമാണ്, കേരളത്തില്‍നിന്നും വ്യത്യസ്തമായ ദൂരങ്ങളിലും
സമയവിതാനങ്ങളിലുമിരുന്ന് ചെറിയാന്‍ കെ. ചെറിയാന്‍ എഴുതിയിരുന്നത്. ഒരുപക്ഷേ, കേരളത്തില്‍നിന്നും ഏറ്റവും ദൂരെയിരുന്ന് മലയാളത്തില്‍ എഴുതിയ കവി. എങ്കിലും ഭൂമിയുടെ കറക്കത്തില്‍ തിരിഞ്ഞ്
അപ്പുറമെത്തുമ്പോള്‍ മലയാളം ചോദിക്കാതിരിക്കില്ല. ഇവിടെയല്ലേ എന്റെ പ്രിയപുത്രന്‍ ചെറിയാന്‍ കെ. ചെറിയാന്‍ ഇരുന്നെഴുതിയത്? ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളുടെ അവസാനത്തിലും അറുപതുകളുടെ തുടക്കത്തിലും മലയാളത്തിലെ ആധുനിക കവിതാ പ്രക്രിയയില്‍ പ്രധാന പങ്കുവഹിച്ച ഒരു കവിയുടെ മുഴുവന്‍ കവിതകളും ഒറ്റ സമാഹാരമായി വായിക്കുമ്പോള്‍, ചരിത്രം അനുഭവമായും അനുഭവം ചരിത്രമായും മാറുന്നതിന്റെ അനുഭൂതി എന്തെന്നറിയാം.
-പി.എന്‍. ഗോപീകൃഷ്ണന്‍
ആധുനിക മലയാളകവിതയില്‍ പുതിയ വാതിലുകളും വഴികളും തുറന്ന ചെറിയാന്‍ കെ. ചെറിയാന്റെ സമ്പൂര്‍ണ്ണ കവിതകള്‍