Description
ചിത്രത്തിലെ ആ കുഴി. ഉറുമ്പുകള്‍ കാവല്‍ നില്‍ക്കണ കുഴി…
ആദ്യം ചോന്ന ഉറുമ്പുകളായിരുന്നില്ലേ?
പിന്നപ്പിന്നെ താഴോട്ടിറങ്ങി ചോരകുടിച്ചു മത്തുപിടിച്ച പാവം
പിപീലിക… അതും ഒരു ദുരഭിമാനക്കൊലയായിരുന്നോ?
ആരാ ആ കുഴിയില്‍ വീണത്? അല്ലെങ്കില്‍ ഇരുളിന്റെ മറവില്‍
ആരെയാണ് കൊണ്ടുവന്നിട്ടത്? ദുരഭിമാനച്ചോരയില്‍ കുതിര്‍ന്ന
ഉറുമ്പുകള്‍ക്ക് ഇനിയും കരകയറാനായിട്ടില്ലല്ലോ…
അന്തമില്ലാതെ പരന്നുകിടക്കുന്ന വരണ്ടുണങ്ങിക്കീറിയ
ഭൂമിയും നീരൊഴുക്കു മറന്ന തോടുകളും ഭയപ്പെടുത്തുന്ന
മുള്‍ച്ചെടികളും അടിത്തട്ടിനും വക്കുകള്‍ക്കും
ചോരച്ചുവപ്പുനിറമുള്ള ആഴം തെളിയാത്ത ഒരു കുഴിയും…
ഈ പേടിസ്വപ്‌നം പകര്‍ത്തിവരച്ച ചിത്രത്തില്‍
ചെവിചേര്‍ത്തുവെച്ചാല്‍ കേള്‍ക്കുന്ന നിലവിളിശബ്ദം…
ഒരു വിസ്മയചിത്രത്തില്‍ തുടങ്ങി, പ്രണയവും പകയും
മരണവും ഉന്മാദവും സ്വപ്‌നങ്ങളുമെല്ലാമെല്ലാം സൃഷ്ടിക്കുന്ന
പലപല വഴികളിലൂടെ ഒഴുകിപ്പരന്ന്, മനുഷ്യരാശിയുടെയും
പ്രകൃതിയുടെയും നിര്‍മ്മിതദുരന്തത്തിനു നേരേയുള്ള
മുന്നറിയിപ്പായിത്തീരുന്ന രചന.
സേതുവിന്റെ ഏറ്റവും പുതിയ നോവല്‍









