Description
വി. ഷിനിലാൽ
തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ഈ നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്താർജ്ജിക്കലാണ് യഥാർത്ഥ വിമോചനമെന്ന് അടി അടിവരയിട്ട് പറയുന്നു.
– ടി. ഡി. രാമകൃഷ്ണൻ
നമ്മുടെ പരമ്പരാഗത ശീലങ്ങളുടെയും കപട പുരോഗമന വാദങ്ങളുടെയും പിൻകഴുത്തു നോക്കിയുള്ള അടിയാണ് ഷിനിലാലിന്റെ നോവൽ. അരികുവത്കരിക്കപ്പെട്ടവൻ നേരിടേണ്ടി വരുന്ന അടികൾ തിരിച്ചടികളായി മാറുമ്പോൾ ചരിത്രം ചില ഭീതികളെ വെച്ചുമാറുന്നതിന്റെ രസാവഹമായ കാഴ്ചകളുണ്ട് ഈ കൃതിയിൽ. ഒരേസമയം നർമ്മത്തിന്റെ തൂവൽകൊണ്ട് ഇക്കിളിപ്പെടുത്തി ചിരിപ്പിക്കുകയും എതിർഭാഗത്തെ കൂർത്ത മുനകൊണ്ട് കുത്തി മുറിവേല്പിക്കുകയും ചെയ്യുന്ന ആഖ്യാന തന്ത്രമാണ് ഷിനിലാൽ ഈ നോവലിൽ വിദഗ്ദ്ധമായി ഉപയോഗ പ്പെടുത്തിയിരിക്കുന്നത്.
– വി. ജെ. ജയിംസ്
സാഹിത്യം എന്നത് ഭാഷയിലെ വരേണ്യത അല്ല എന്നും യഥാർത്ഥ കാതൽ കിടക്കുന്നത് അതിസാധാരണക്കാർ സാഹിത്യത്തിനല്ലാതെ ജീവനത്തിനായ് മെനഞ്ഞെടുത്ത(ക്കപ്പെട്ട) സത്യസന്ധമായ വാക്കുകളിലാണെന്നും അടി അടിവരയിടുന്നു. അതിനു ചിലപ്പോൾ സുഗന്ധമായിരിക്കില്ല. ചൂര് ആയിരിക്കും. പക്ഷേ. അത് ജൈവമായിരിക്കും. ഉറപ്പ്.
– കെ. വി. മണികണ്ഠൻ