Description
പഞ്ചകൈലാസങ്ങളിൽവച്ച് ഏറ്റവും സുപ്രധാനമായ ആദികൈലാസ പർവ്വതം ഉത്തരാഖണ്ഡിലെ പിത്രോഗഡ് ജില്ലയിലെ ഇന്തോ – തിബത്ത് അതിർ ത്തിയിൽ സ്ഥിതി ചെയ്യുന്നു. ഹിമാലയയാത്രകളിൽവച്ച് ഏറെ കഠിനമേറിയതാണ് ആദി കൈലാസയാത്ര. അതീവ പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ഇവിടം പരമശിവന്റെ ഏറ്റവും പഴക്കമേറിയ ആവാസസ്ഥാനമെന്നറിയപ്പെടുന്നു. ആദികൈലാസദർശനത്തിന്റെ അഭൗമ സുന്ദര കാഴ്ചയുടെ വിരുന്നൊരുക്കുന്നതോടൊപ്പം പർവ്വതീയ ജനവിഭാഗങ്ങളുടെ സംസ്കാരവും ജീവിതവും ചരിത്രവും മനസ്സിലാക്കുവാൻകൂടി ഈ പുസ്തകം സഹായിക്കുന്നു.
പർവ്വതത്തിന്റെ നെറുകയിൽ വെള്ളത്തൊപ്പിപോലെയും ചരിവുകളിൽ വെള്ളത്തുണി വിരിച്ചതുപോലെയും മഞ്ഞ് കനംകെട്ടി കിടക്കുകയാണ്. മൂടൽമഞ്ഞ് വന്ന് ഇടയ്ക്കിടെ പർവ്വതത്തെ മറയുന്നുണ്ട്. ഒരേ സൂര്യപ്രകാശമാണ് മഞ്ഞുണ്ടാക്കുന്നതും അതിനെ ഉരുക്കിക്കളയുന്നതും. സൂര്യപ്രഭയേറ്റ് വെട്ടിത്തിളങ്ങി നില്ക്കുന്ന പർവ്വതത്തിന്റെ അലൗകിക സൗന്ദര്യത്തിനു മുന്നിൽ ആരും മയങ്ങിപ്പോകും.