Description
‘ബിപിൻ ചന്ദ്രൻ മമ്മൂട്ടിയെപ്പറ്റിയും കെ.ബി. വേണു കെ.ജി. ജോർജിനെപ്പറ്റിയും ശ്രീകാന്ത് കോട്ടയ്ക്കൽ മോഹൻലാലിനെപ്പറ്റിയുമെല്ലാം ഇനിയും എഴുതും. നമ്മൾ അന്തംവിട്ട് ആ സിനിമയെഴുത്തുകളെല്ലാം ആസ്വദിക്കും. ചിലരെപ്പറ്റി ഇങ്ങനെ ചിലർ എഴുതിയാൽ, വായിച്ചാലും മതിയാവുകയില്ല. അത് ആ വ്യക്തികളോടും അവർ ജീവിച്ച കാലത്തോടും ഇനി വരാനിരിക്കുന്ന തലമുറകളോടുമുള്ള ചരിത്രത്തിന്റെ കടപ്പാടുകളാകുന്നു. അതേസമയം ഇപ്പറഞ്ഞ ഈ എഴുത്തുമനുഷ്യരോ? എഴുതാൻ നേരം കിട്ടാത്തവരും എഴുത്ത് പലപ്പോഴും ഒന്നാംലൗ അല്ലാത്തവരുമായ ആ മഹാപ്രതിഭകളുടെ മറുപാതികൾതന്നെ ആയിക്കൊണ്ടാണ് ഇവർ അവരെപ്പറ്റി എഴുതുന്നത്. അങ്ങനെ അവരും ഇവരും ഒന്നാകുന്നു. വായിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് നമ്മളും. അല്ലെങ്കിലും ഒന്നും ഒന്നും ചേരുമ്പോൾ ഇമ്മിണിവല്യ ഒന്നാകും എന്നാണല്ലോ മമ്മൂട്ടിയുടെ അയൽനാട്ടിൽ ജനിച്ച തലയോലപ്പറമ്പുകാരൻ വൈക്കം മുഹമ്മദ് ബഷീർ പണ്ടേ നമ്മളെ പഠിപ്പിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് ഈ എഴുത്തിനും (മമ്മൂട്ടിയിൽ തുടങ്ങുന്ന നമ്മുടെ സിനിമാ ഇതിഹാസങ്ങളെപ്പറ്റിയാകയാൽ) എഴുത്തുകാരനും (ബിപിൻ ചന്ദ്രനും) ഇങ്ങനെയൊരു മുൻകുറിപ്പിന്റെ ആവശ്യമില്ല. മമ്മൂട്ടിയുടെ പകർന്നാട്ടങ്ങൾപോലെ ഒരുപക്ഷേ, ബിപിനു മാത്രം ഇനിയൊരിക്കൽ അതിശയിക്കാൻ കഴിയുന്ന എഴുത്ത്.’ – രാംമോഹൻ പാലിയത്ത്