Description
ഷെര്‍ലക് ഹോംസ് പരമ്പരയിലെ ഏറ്റവും ഉദ്വേഗജനകമായ നോവലാണ് ബാസ്‌കര്‍വില്ലയിലെ വേട്ടനായ. ഡാര്‍ട്ട്മൂറിലെ അതിപുരാതനമായ ബാസ്‌കര്‍വില്ലാകുടുംബത്തിലെ ഏക സ്വത്തവകാശിയായ സര്‍ ചാള്‍സ് ബാസ്‌കര്‍വില്ല ദാരുണമായി കൊല്ലപ്പെടുന്നു. ശരീരത്തില്‍ മുറിവുകളുടെ പാടുകളൊന്നുമില്ല.
ദുരൂഹമായ ഈ മരണത്തെ പിന്തുടര്‍ന്ന് ഡാര്‍ട്ട്മൂറില്‍ അരങ്ങേറുന്ന സംഭവപരമ്പരകള്‍ പൈശാചികമായ ഒരു വേട്ടനായയെക്കുറിച്ചുള്ള പുരാതനകഥകളെ വീണ്ടും ഉണര്‍ത്തി ജനങ്ങളുടെ ഇടയില്‍
ഭീതിവിതയ്ക്കുന്നു. ചാള്‍സിനുശേഷം ബാസ്‌കര്‍വില്ലയുടെ അവകാശിയായി എത്തുന്നത് ഹെന്റി ബാസ്‌കര്‍വില്ലയാണ്. ഡാര്‍ട്ട്മൂറിലെ ചതുപ്പുകളില്‍ മരണത്തിന്റെ മാറ്റൊലിയായി ഉയരുന്ന വേട്ടനായയുടെ ഭീതിദമായ കരച്ചില്‍ അയാളെയും വേട്ടയാടുന്നു. താന്‍ അന്വേഷിച്ച ഏറ്റവും ദുരൂഹമായ കേസ് എന്നാണ് ഹോംസ്
ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ഡാര്‍ട്ട്മൂറിലെ ചതുപ്പുനിലംപോലെ ആരെയും ഏതു നിമിഷവും ആഴത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന വിചിത്രമായ സാഹചര്യങ്ങള്‍. ഹോംസിന്റെ കുറ്റാന്വേഷണജീവിതത്തിലെ ഏറ്റവും ശക്തമായ വെല്ലുവിളികളിലൊന്ന്.
പരിഭാഷ: കെ.പി. ബാലചന്ദ്രന്‍