Description
മലയാളകവിതയിലെ ആധുനികതയ്ക്ക് മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചകളുടെ കരുത്തുനല്‍കിയ എന്‍.എന്‍. കക്കാടിന്റെ സമ്പൂര്‍ണ കവിതകളുടെ സമാഹാരം മാതൃഭൂമി ബുക്സ് പുറത്തിറക്കി. കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടേതാണ് പ്രവേശകം. ശലഭഗീതം (1956), ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന് (1970), പാതാളത്തിന്റെ മുഴക്കം (1971), വജ്രകുണ്ഡലം (1977), കവിത (1980), സഫലമീയാത്ര (1985), ഇതാ ആശ്രമമൃഗം; കൊല്ല്, കൊല്ല്! (1986), പകലറുതിക്ക് മുമ്പ് (1988) എന്നീ സമഹാരങ്ങള്‍ സമ്പൂര്‍ണപതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കവിതകള്‍ക്ക് കക്കാട് എഴുതിയ അനുബന്ധക്കുറിപ്പുകള്ക്ക് പുറമെ എന്‍.വി.കൃഷ്ണവാരിയര്‍, ആര്. രാമചന്ദ്രന്, വിഷ്ണുനാരായണന്‍ നമ്പൂതിരി, ആര്. വിശ്വനാഥന്, ടി.പി. സുകുമാരന്‍, മേലത്ത് ചന്ദ്രശേഖരന്, എം.എസ്. മേനോന്, എം.ആര്. രാഘവവാരിയര്‍ എന്നിവരുടെ പഠനങ്ങളും ഗ്രന്ഥത്തെ ശ്രേഷ്ഠമാക്കുന്നു.
ഡോ.എം.എം.ബഷീര്‍ കക്കാടുമായി നടത്തിയ ദീര്‍ഘസംഭാഷണം – സഫലമീയാത്ര, ഇ.എന്‍.കേരളവര്‍മ നടത്തിയ മുഖാമുഖം, കക്കാട് പഠനങ്ങളുടെ ഗ്രന്ഥസൂചി എന്നിവയും സമാഹാരത്തിലുണ്ട്. 591 പേജ് വിലവരുന്ന ഡീലക്സ് എഡിഷന് 375 രൂപയാണ് വില.
”നമ്മെ വിസ്മയിപ്പിക്കുന്ന ഒരു വസ്തുത, കക്കാട് എല്ലാതരം കവിതയും എല്ലാ കാലത്തും രചിച്ചുപോന്നിരുന്നു എന്നതാണ്. പേന നീങ്ങുന്ന നേരത്തിന്നുള്ളില്‍, സംസ്കൃതകവിതയില്‍ കെത്തഴുതാറുള്ള കവിക്ക് ഇത് സ്വാഭാവികമായിരിക്കാം. അക്കിപ്പത്തും വാരിയത്തമ്മിണിയും വജ്രകുണ്ഡലവും പോത്തും സുഹൃത്സ്മരണവും അമ്പരപ്പിക്കുന്ന വൈവിധ്യമാണ് കാഴ്ചവയ്ക്കുന്നത്. തന്റെ ദര്‍ശനപരിണാമങ്ങളെപ്പറ്റിയെന്നപോലെ, രചനാരീതികളെപ്പറ്റിയും മറ്റുള്ളവരെന്തു കരുതും? എന്ന ശങ്ക ആത്യന്തികമായി കക്കാടിനെ അലട്ടിയിരുന്നില്ല. താന്‍ ഒരു ‘മൈനര്‍ പോയറ്റ്’ മാത്രമാണെന്ന് വിനയധന്യനായി ഒരിക്കല്‍ നിരീക്ഷിച്ചുവെങ്കിലും, ‘ഞാനിന്നുരാവിലെയും തൊട്ടുനോക്കി – എന്റെ നട്ടെല്ലവിടെത്തന്നെയുണ്ട്’ എന്ന പ്രത്യയദാര്‍ഢ്യവും ആ കവി വിളംബരം ചെയ്തു. എളിമയും കരുത്തും കലര്‍ന്ന ഈ ചേരുവയില്‍ കക്കാടിന്റെ ചേതനയിലെ സാരസ്വതമുദ്ര ശാശ്വതമായി പതിഞ്ഞിരിക്കുന്നു.” (പ്രവേശകത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി)
Reviews
There are no reviews yet.