Description
കുട്ടികള്‍ക്കായി കണ്ടല്‍ ചെടികയളുടെ വിസ്മയലോകത്തേക്ക് ഒരു യാത്ര.
കൂട്ടുകാരേ, കുന്നിമണികളേ, കുഞ്ഞു കാന്താരികളേ!
ഞാനൊരു ഭ്രാന്തനാണ്. എനിക്ക് അതില്‍ വിഷമമൊന്നുമില്ല. ഭ്രാന്തന്മാരില്‍ ജീനിയസ്സുകളുമുണ്ടല്ലോ. നമ്മുടെ നാറാണത്തുഭ്രാന്തന്‍ ഒരു ജീനിയസ്സുതന്നെയായിരുന്നു. സരസനുമായിരുന്നു. അതിനാല്‍ ഒരു ഭ്രാന്തന്‍പദവിയുമായി ജീവിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.
ആരാണപ്പാ ഈ ഭ്രാന്തന്‍? കൂട്ടുകാര്‍ അറിയാനുള്ള ആകാംക്ഷയോടെ ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. പറയാം, പറയാം. ഞാനാണ് ഭ്രാന്തന്‍ കണ്ടല്‍. പീകണ്ടല്‍ എന്നും പറയും. റൈസോഫെറ മ്യൂക്രോനേറ്റ എന്നാണ് ശാസ്ത്രീയനാമം. വായില്‍ കൊള്ളാത്ത ആ വലിയ പേരൊന്നും കൊച്ചു കുട്ടികളായ നിങ്ങള്‍ കാണാപ്പാഠം പഠിക്കാന്‍ മിനക്കെടേണ്ട. സത്യം പറഞ്ഞാല്‍ എനിക്കു ഭ്രാന്തൊന്നുമില്ല. ഞാനൊരു കേമനുമാണ്. പ്രകൃതിയമ്മയുടെ ഒരു പുന്നാരമോനുമാണ്. പക്ഷേ, നിങ്ങള്‍ കേരളീയര്‍ എനിക്കിട്ട ഓമനപ്പേരാണ് ഭ്രാന്തനെന്ന്. സ്‌നേഹംകൊണ്ടു വിളിക്കുന്നതല്ലേ. എനിക്കതില്‍ സന്തോഷമേയുള്ളൂ. ‘എടാ ഭ്രാന്താ’ എന്ന് നിങ്ങള്‍ എന്നെ കുട്ടികള്‍ വിളിക്കല്ലേ. ‘എന്റെ പൊന്നു ഭ്രാന്തന്‍ മാമാ’ എന്നു വിളിച്ചോളൂ. ആ വിളി എനിക്ക് ഏറെ ഇഷ്ടമാണ്.
ഒരു കാര്യം ആദ്യംതന്നെ പറഞ്ഞേക്കാം. എല്ലാ കണ്ടലുകളും എന്നെപ്പോലെ ഭ്രാന്തന്‍ കണ്ടലുകള്‍ അല്ല. കണ്ടലുകള്‍ പലതുണ്ട്. പല ജാതി. അതിലൊരു ജാതിക്കാരന്‍ മാത്രമാണു ഞാന്‍. ഞങ്ങള്‍ എത്ര ഇനമുണ്ടെന്നും മറ്റുമുള്ള രഹസ്യങ്ങള്‍ പുറകെ പറയാം; ട്ടോ.
Reviews
There are no reviews yet.